Tuesday, February 24, 2009

വാഷി !!!


ഇന്റര്‍വ്യൂവിനു വന്നസമയത്ത് ചേട്ടനും ഞാനും അവിടെയാണ് താമസിച്ചത് ,വാഷിയില്‍.മാന്‍കുര്‍ദ് സ്റ്റേഷന്റെ അടുത്ത് റോഡില്‍ നിന്നാല്‍ ആഭാഗത്തേക്ക് ബസ്സ് കിട്ടും എന്നാണ് ഓര്‍മ്മ.ഓഫീസില്‍നിന്നും ഷട്ടില്‍ ബസ്സില്‍തന്നെ ഗേറ്റുവരെ വന്നു,അവിടുന്ന് ഓട്ടോപിടിച്ച് സ്റ്റേഷന്‍ പരിസരത്തെത്തി. സ്ഥലം കണ്ട് ഏതാണ്ട് ഓര്‍മ്മയുള്ളതുകൊണ്ട് ആശ്വാസമായി.വ യും ഷയും പണ്ട് ഹിന്ദി ക്ലാസ്സില്‍ പഠിച്ചിരുന്നതുകൊണ്ട് ബസ്സ് പിടിക്കാന്‍ വലിയ കുലുമാലുണ്ടായില്ല.രാഷ്ട്രഭാഷ പഠിക്കുന്നതിന്റെ കൊണം ഞാക്കും മനസ്സിലായി.ടിക്കറ്റ് എടുത്ത് സുഖമായി ഇരുന്നു സ്ഥലം എത്തിയാല്‍ എനിക്ക് അറിയാം. വാഷിയില്‍ ഒരു സ്റ്റുഡിയൊ നടത്തുകയാണ് അന്ന് അദ്ദേഹം, ഫോട്ടോഗ്രാഫിയില്‍ നിപുണനായ ആള്‍ ഇന്നതെയത്ര പ്രസിദ്ധനായിട്ടില്ല എന്നു തോന്നുന്നു. ഇന്നു സുരേഷ് നടരാജന്‍ എന്നു പറഞാല്‍ ആമേഘലയില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയാണല്ലൊ.നന്നായി ഹാസ്യം ആസ്വദിക്കും പുള്ളി,ചെറിയ തമാശകള്‍ കേട്ടാല്‍ പോലും പൊട്ടിചിരിക്കും,അതുകൊണ്ട് തന്നെ ആളുകേള്‍ക്കാന്‍ എന്തെങ്കിലും തമാശകള്‍ ഏഴുന്നള്ളിക്കുന്നത് എനിക്കും ഒരു പതിവായിരുന്നു.പൊതുവെ ഒതുങ്ങിയ പ്രകൃതമാണ് ,വലിയ ഒച്ചയും ബഹളവും ഒന്നും ഇല്ലാത്ത ജീവിതം, ചേച്ചി പരിമളയും അങ്ങിനെ തന്നെ, പേരുപോലെ തന്നെ സുന്ദരമായ വ്യക്തിത്വവും, സ്വഭാവവും. രൂപവും. തമിഴ് കലര്‍ന്ന മലയാളത്തിലുള്ള അവരുടെ സംസാരം
കേള്‍ക്കാന്‍ തന്നെ ഒരു രസം തോന്നാറുണ്ട്.

വലിയ നീളന്‍ പാലത്തിലൂടെ ബസ്സ് നീങ്ങുകയാണ് ,ബൊംബെയെ ന്യൂ ബോംബെ എന്ന പ്രദേശവുമായി ബന്ധിപ്പിക്കുന്നത് ഒരുപക്ഷെ ഈ പാലമായിരിക്കാം.ഇതു വന്ന ശേഷമായിരിക്കാം ന്യൂബോംബെ യാഥാര്‍ഥ്യമായത്.അവിറ്റെയാണ് വാഷിയും ,ബോംബെയുടെ ജീര്‍ണ്ണതകളുംതിരക്കും കുറവുള്ള പ്രദേശം.രൂപരേഖയോടെ തയ്യാറാക്കിയതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസ്സിലാവുന്ന നഗര ക്രമീകരണങ്ങളാണ് ന്യൂബോംബെയില്‍.പുതിയ റോഡുകളും ദിശാസൂചിനികളും,എല്ലാ സ്ഥലത്തും സെക്റ്റര്‍ തിരിച് ഫ്ലാറ്റ് നിര്‍മ്മിച്ചതും എല്ലാം വളരെ സൌകര്യപദമാണ്.വാഷി ബസ്സ് സ്റ്റാന്റില്‍ ഇറങ്ങി ഞങ്ങള്‍ ചേട്ടന്റെ വീട്ടിലേക്ക് നടന്നു.ഇരുട്ടായിക്കഴിഞ്ഞിരുന്നു.ഒന്നും വ്യക്തമല്ല,ഒരുവിധം ചുറ്റി വളഞ്ഞാണെങ്കിലും എത്തി, ബെല്ലടിച്ചു.വിചാരിച്ച പോലെ തന്നെ വാതിലിന്റെ ചങ്ങല ഊരാതെ ലോക്ക് മാത്രം തുറന്ന് ആ വിടവിലൂടെ ചേച്ചിയുടെ കിളിനാദം,“കോനേയ്“!! “ഇത് ഞമ്മളാ ഇങ്ങള് ബാതില് തോറക്ക്“ എന്ന് ഞാനും.

തുടരും...

Thursday, February 19, 2009

ബോണ്ട്!!!


ഒരു കെട്ട് പേപ്പറുമായി ഓഫീസിലെ ആരോ വന്നു എല്ലാം പൂരിപ്പിക്കണം,സമയമെടുക്കും ,ഒരുപാടുകാര്യങ്ങളുണ്ട് ചെയ്ത് തീര്‍ക്കാന്‍ ,എല്ലാം കഴിയുന്നതും പെട്ടന്നു തന്നെ വേണം താനും.പേപ്പറുകളെല്ലാം വളരെ സമയമെടുത്താണേലും പൂരിപ്പിച്ച് തിരികെ കൊടുത്തു,ബാക്കി അല്പം പേപ്പര്‍ കയ്യില്‍തന്നെയുണ്ട് അത് നാട്ടില്‍ നിന്നു വരുമ്പളേ ഉള്ളതാ,അവര്‍ തന്നെ അയച്ചു തന്ന ബൊണ്ട് പേപ്പര്‍ .അതിനെ പറ്റി അവരോട് സംസാരിച്ചു, നാട്ടില്‍ പോയി ആരുടെയെങ്കിലും ജാമ്യം അതില്‍ ഒപ്പിക്കാം എന്നായിരുന്നല്ലോ ഞങ്ങള്‍ കരുതിയിരുന്നത്,അതു സമയമെടുക്കുമെന്നും ഇപ്പോള്‍ തന്നെ വൈകിയനിലയ്ക്ക് ഇവിടെ തന്നെ ഏത്തെങ്കിലും വഴിക്ക് ഒപ്പിക്കണം എന്നുമായി അവര്‍ ഏതായാലും ഞങ്ങള്‍ താഴോട്ടിറങ്ങി,അവിടെയാണ് വിശാലമായ കാന്റീന്‍, ഒര് ചായ കുടിച്ച് ഒന്നു ഉഷാറാകാം,പൊറാട്ടേം മീന്‍ കറീം ഞാന്‍ മനസ്സില്‍ നിന്നു തന്നെ മാച്ചു കളഞ്ഞിരുന്നു,അങ്ങനെ ഒരു സാധനം എനിക്ക് അറിയുകയേ ഇല്ല, പോരേ!.എല്ലാവരും വരിവരിയായി നിന്നു വേണ്ടത് വാങ്ങണം,ചൂണ്ടി കാണിച്ചു കൊടുത്താല്‍ മതി മുന്നിലുള്ള സാധനങ്ങള്‍ കാന്റീന്‍ കാര്‍ നമ്മുടെ പ്ലേറ്റിന്‍ ഇട്ടുതരും നല്ല രസം, ഭാഷ ഒന്നും ഒരു പ്രശ്നമേയല്ല,ഇങ്ങനെയാണേല്‍ ചൈനയില്‍ വരെ പോയി ഭക്ഷണം തിന്നാം. അല്ലേ ഹ ഹ, സാധനങ്ങളുമായി ഒരു ടേബിള്‍ ഞങ്ങള്‍ വളഞ്ഞു, കഴിച്ചു കൊണ്ടിരിക്കുമ്പോളും ഞങ്ങളുടെ കണ്ണുകള്‍ ചുറ്റുമായിരുന്നു. പ്രത്യേകിച്ചും പലവിധ വേഷവിധാനങ്ങളുമായി എത്തിയ ലലലാമണികളെ,ബോംബെയല്ലെ സാധാരണ വേഷക്കാരായവര്‍ തൊട്ട് ആധുനിക വേഷം ധരിച്ചവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഭക്ഷണം ഒരു പ്രശ്നമായതേയില്ല ,വളരെ സമയമെടുത്ത് ആസ്വദിച്ച് ചവച്ചരച്ച് കഴിച്ചു.

എടാ ബോണ്ടിന്റെ കാര്യം എന്താ ചെയ്യാ ? ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും കാന്റീനിലേക്ക് തന്നെ വന്നു, മുഹമ്മദാ,ഓനാ ശല്യപ്പെടുത്തിയത്,അതെ ശരിയാ,എന്താ ചെയ്യാ,നിനക്ക് ആരെയെങ്കിലും പരിചയമുണ്ടൊ ബോംബെയില്‍?അവനു ബോംബെയില്‍ ആകെ പരിചയമുള്ളത് ദാവൂദ് ഇബ്രാഹിമിനെയാണ് ,അയാളാണെങ്കില്‍ സര്‍ക്കാരുദ്യോഗസ്തനല്ലാത്തതിനാല്‍ നമ്മുടെ കാര്യത്തിനു പറ്റുകയും ഇല്ല,അല്ലെങ്കില്‍ തന്നെ പേപ്പറില്‍ വായിച്ച് കേട്ട പരിചയം വെച്ച് അയാളെ കാണാന്‍ പോകാനും പറ്റില്ല.എന്തായിപ്പോ ചെയ്യുക, “നെനക്കാരേം പരിചം ഇല്ലേ ?”ഓന്റെ ചോദ്യം, ശരിയാ എനിക്ക് പരിചയമുള്ള ആളുകള്‍ ഉണ്ട് എന്റെ ചേട്ടന്റെ അളിയന്‍ സുരേഷ് നടരാജന്‍ മനസ്സില്‍ ഓടിയെത്തി.



തുടരും

Sunday, February 15, 2009

അമ്പരപ്പോടെ!!


അവിടെ നിര്‍ത്തുന്ന ഓരോ ബസ്സിലേക്കും നോക്കി ഞങ്ങള്‍ ഉറക്കെ അണുശക്തിനഗര്‍ എന്നു വിളിച്ചുചോദിക്കാന്‍ തുടങ്ങി,ആളുകള്‍ മൈന്‍ഡ് ചെയ്യതിരുന്നതില്‍ നിന്നും അതല്ല ബസ്സ് എന്ന് തീരുമാനിക്കും,ഒടുവില്‍ ഒരു ബസ്സില്‍ കയറിക്കോ എന്ന ആഗ്യം കണ്ടക്റ്റര്‍ തന്നതനുസരിച്ച് ചാടിക്കയറി,ടിക്കറ്റ് ചാര്‍ജ്ജ് അറിയാത്തതിനാല്‍ നൂറിന്റെ ഒരു നോട്ട് കൊടുത്ത് കൈവിരല്‍ കൊണ്ട് രണ്ട് എന്ന ആഗ്യം കാട്ടി അണുശക്തി എന്നു പറഞ്ഞു,ബാക്കിതന്ന കാശും ടിക്കറ്റും പോക്കറ്റിലിട്ടു.അവസാനം അണുശക്തിനഗര്‍ ബസ്സ് സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ കണ്ടക്ടരുടെ സഹായത്തോടെ പറ്റി,ഹാവൂ!! ഇതു എനിക്കും മുന്‍പ് വന്നപ്പോള്‍ കണ്ട് പരിചയമുള്ള സ്ഥലംതന്നെ . ബി എ ആര്‍ സി നോര്‍ത്ത്ഗേറ്റിലേക്ക് അല്പം നടന്നാല്‍ മതി,നോര്‍ത്ത് ഗേറ്റില്‍ വലിയ സെക്യൂരിറ്റിയാണ്,ഇന്‍ഡ്യയുടെ അഭിമാനസ്തംഭമായ ഒരു സ്ഥാപനത്തിലേക്കുള്ള പ്രവേശനകവാടമാണത്,അകത്തേക്കും പുറത്തേക്കും പോകാന്‍ വെവ്വേറെ വഴികളോടെ നല്ല വീതിയിലാണ് ഗേറ്റ്,ഗേറ്റുകടന്നാല്‍ അണുശക്തിനഗര്‍ കോളനി,അതിവിശാലമായ കോളനിയിലൂടെ പിന്നെയും പോകണം സ്ഥാപനത്തിന്റെ മെയിന്‍ ഗേറ്റിലെത്താന്‍ ഒരു കിലോമീറ്ററിലധികം ,കനത്ത സെക്യൂരിറ്റി കടന്ന് ഈച്ചയ്ക്ക് പോലും പ്രവേശനാനുമതികൂടാതെ അകത്തുകടക്കാന്‍ പറ്റില്ല.കോളനിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അമ്പരപ്പിക്കുന്ന കൂറ്റന്‍ കെട്ടിടങ്ങളില്‍ ‍ഒറ്റനോട്ടത്തില്‍ എത്രനിലകളുണ്ടെന്നറിയാന്‍ പറ്റാത്ത ഫ്ലാറ്റ്കളും നിരവധി, സെക്യൂരിറ്റിയില്‍ രേഖകള്‍ കാട്ടി ഞങ്ങള്‍ അകത്തു കടന്നു. അവിടെ നിന്നാല്‍ ഷട്ടില്‍ സര്‍വീസായി ഇടയ്ക്കിടെ വരുന്ന ബസ്സില്‍ കയറിയാല്‍ സെന്‍ട്രല്‍ കോമ്പ്ലക്സില്‍ എത്താം, ചാരനിറത്തിലുള്ള ഓഫീസ് ബസ്സ് വന്നുനിന്നപ്പോള്‍ അതില്‍ കയറി,എല്ലാവരും തികഞ്ഞ അച്ചടക്കത്തോടെ വരിവരിയായി നിശ്ശ്ബ്ദമായി ബസ്സില്‍ കയറി.സ്ഥാപനത്തിന്റെ പ്രാധാന്ന്യവും അച്ചടക്കവും ബസ്സിനും അതിലുള്ളവര്‍ക്കും എല്ലാം ഉള്ളപോലെ,അല്പം കഴിഞ്ഞപ്പോള്‍ കെട്ടിടങ്ങളും മറ്റും ദൃശ്യമാവാന്‍ തുടങ്ങി, സെന്ട്രല്‍ കോമ്പ്ലക്സ് കണ്ടു,ഞങ്ങള്‍ ഇറങ്ങി റോഡിന് കുറുകെയും നീളത്തിലും പോകുന്ന മനുഷ്യരെ വകവെക്കാതെ ‍മുന്നോട്ട് നടന്ന് ലിഫ്റ്റില്‍ കയറി റിക്രുട്ട്മെന്റ് വിഭാഗത്തിലെത്തി. ഓഫീസിലുള്ള മലയാളി സ്ത്രീയെ കണ്ട് വൈകിയതിന്റെയും മറ്റും കാര്യങ്ങള്‍ പറഞ്ഞു,അവരുടെ സംസാരത്തില്‍ നിന്നും വൈകിയതില്‍ കുഴപ്പമില്ലെന്നു മനസ്സിലായി. ദിര്‍ഘനിശ്വാസത്തോടെ അവര്‍കാണിച്ച വലിയറൂമിലേക്ക് നടന്നു...

തുടരും

Tuesday, February 10, 2009

ബസ്സും കാത്ത്

എനിക്ക് പരിചയം ഉള്ള സ്ഥലമല്ല ചെമ്പൂര്‍,മുഹമ്മദ് ഇന്റര്‍വ്യൂവിന് വന്നപ്പോള്‍ ചെമ്പൂരിലാണ് താമസിച്ചത്, അതാ അവിടെ ഇറങ്ങാം എന്നു കരുതിയത്.ഞങ്ങള്‍ ഇറങ്ങിയതും ഒരു ചാറ്റല്‍ മഴ ഞങ്ങളെ ആലിംഗനം ചെയ്തു,ഒരു പനിനീര്‍ മഴപോലെ,ബസ്സിനെ നോക്കി അല്പം നിന്ന ശേഷം ഞങ്ങള്‍ റോഡില്‍ നിന്നും മഴ നനയാതിരിക്കാന്‍ അടുത്തുള്ള കടയോരത്തേക്ക് പാഞ്ഞു,അവിടെ എവിടെയോ ആണ് അവന്‍ മുന്‍പ് താമസിച്ച ലോഡ്ജ് ,അതുകണ്ടുപിടിക്കണം,അവിടെ മുറിയെടുത്ത് സാധനങ്ങള്‍ എല്ലാം അവിടെ വെച്ചിട്ടാകാം ഓഫീസിലേക്കുള്ള പോക്ക് എന്നു തീരുമാനിച്ചു. ചാറ്റല്‍ മഴയെ അവഗണിച്ച് അല്പം കറങ്ങിതിരിഞ്ഞാണേലും അവസാനം ആ ലോഡ്ജ് കണ്ടു ,ലോഡ്ജ് എന്നൊന്നും പറയാന്‍ പറ്റില്ല , കടകള്‍ക്കു മുകളിലായി ഒരു വലിയ ഹാള്‍ ,അവിടെ കുറെ പുല്‍പായകള്‍ വിരിച്ചിട്ടുണ്ട്, ബുക്ക് ചെയ്തപ്പോള്‍ ഞങ്ങള്‍ക്കും കിട്ടി രണ്ട് പുല്പായ,അതാണ് കിടക്കാനും ഇരിക്കാനും എല്ലാമുല്ല ആകെ സാധനം, ഗള്‍ഫ് നാടുകളിലേക്ക് പോവാന്‍ വരുന്നവരും മറ്റുമാണ് അവിടത്തെ അന്തേവാസികള്‍ ‍എല്ലാം.പെട്ടന്നു തന്നെ കുളിച്ച് അല്പം അവിടെ കിടന്നും ഇരുന്നും വിശ്രമിച്ച് പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി, വേണ്ട കടലാസുകളും മറ്റും ഒരു ഫയലിലാക്കി,ഞങ്ങള്‍ ഇറങ്ങി താഴെ ഒരു കടയില്‍നിന്നും ഒരു ചായ കുടിച്ചു. അണുശക്തിനഗറിലേക്കുള്ള ബസ്സ് പിടിക്കണം അവിടെയാണ് ചെല്ലേണ്ടത്,ബസ്സ്റ്റോപ് അന്വേഷിച്ച ഞങ്ങള്‍ അങ്കലാപ്പിലായി,നാട്ടിലെ പോലെ റോഡില്‍ ഒരു ബസ്സ്സ്റ്റോപ്പല്ല,നിരങ്ങനെ ബസ്സ് സ്റ്റോപ്പുകള്‍ ,എല്ലാത്തിലും ബസ്സ് നംബര്‍ അനുസരിച്ച് വന്നുനില്‍ക്കുന്ന രീതിയാ,പോവനുള്ള സ്ഥലത്തേക്കുള്ളനമ്പര്‍ അറിയാത്തവര്‍ പെട്ടുപോകും,ചോദിക്കാനാണേല്‍ ഹിന്ദി കമ്മിയാണുതാനും.രണ്ടും കല്പിച്ച് ഒരു സ്റ്റോപ്പില്‍ ചെന്ന് അവിടെ നില്‍ക്കുന്ന ആളുകളെ മൊത്തമായി നോക്കികൊണ്ട് അണുശക്തിനഗര്‍ എന്നു ചോദിച്ചു,ഞങ്ങളുടെ ചോദ്യത്തിന്റെ അര്‍ത്ഥം അവര്‍ മനസ്സിലാക്കി ഉത്തരം തന്നാല്‍ രക്ഷപ്പെട്ടു,രണ്ട് മൂന്ന് തവണത്തെ കഥകളി പ്രയോഗവും ഒപ്പം അണുശക്തിനഗര്‍ എന്നു പറഞ് തലകൊണ്ടുള്ള ആട്ടലും മറ്റുമായപ്പോള്‍ ഏതോഒരാള്‍ക്ക് കാര്യം മനസ്സിലായി, അയാള്‍ മറുപടിതന്നു,പറഞ്ഞത് മനസ്സിലായില്ലേലും അതല്ല സ്റ്റോപ്പ് അതിനടുത്തതോ മറ്റോ ആണെന്ന് ഗ്രഹിച്ചു,അടുത്ത സ്റ്റോപ്പില്‍ ചെന്ന് അയാളെ തിരിഞുനോക്കി,അയാള്‍ എനിയും മുന്നോട്ട് എന്ന ആഗ്യം കാണിച്ചു,രണ്ട് മൂന്നു സ്റ്റോപ്പുകള്‍ക്കൊടുവില്‍ അവിടെ നിന്നോ എന്ന അയാളുടെ ആഗ്യം വീണ്ടും വന്നു.അവിടെ തന്നെ നിന്നു....

Friday, February 6, 2009

നഗരം അരികെ !!!!

ഇന്നലെ ഈസമയത്ത് ബസ്സില്‍ കയറിയതാ, ഓടി തളര്‍ന്നതുകൊണ്ടാണോ ബസ്സിനും ഒരുതരം അവശശബ്ദം പോലെ? എനിക്കും അല്പം മയക്കംവന്നുതുടങി, അത്താഴം മഹാരാഷ്ട്രയില്‍ വെച്ച്
ആയിരുന്നു,എല്ലാഹോട്ടലും ഒരുപോലെതന്നെ,മഴയുടെ ലക്ഷ്ണങ്ങള്‍ ആകാശചെരുവിലെവിടെയോ ഒളിഞ്ഞിരിപ്പുണ്ടോ, ജൂണ്‍ തുടങ്ങി ആദ്യവാരമാണ്, നാട്ടില്‍ മഴതുടങ്ങിയിട്ടില്ലായിരുന്നു,ഒരുപക്ഷെ ഞാന്‍ വന്ന ശേഷം തുടങ്ങാം എന്നുകരുതിയതും ആവും,പുറത്ത് ഒരുകാഴ്ചയും കാണാനില്ല,സര്‍വത്ര ഇരുട്ട് തന്നെ,ഈ പ്രപഞ്ചത്തിന്റെ സ്ഥായിയായ ഭാവം ഏതാണ് ,ഇരുട്ടോ , വെളിച്ചമോ,ഇരുട്ടില്ലാത്തിടം വെളിച്ചമാവുകയാണൊ,അതോ വെളിച്ചതിന്റെ അഭാവം ഇരുട്ടിനെ ക്ഷണിച്ച് വരുത്തുകയോ?ഈ വിശ്വത്തില്‍ നിന്നും ഇരുട്ടിനെ എന്നെന്നേക്കുമായി നീക്കാനുള്ള വെളിച്ചം എന്നെങ്കിലും ഉണ്ടാവുമോ, ഉണ്ടായാല്‍ തന്നെ അത്തരം ഒരവസ്ഥ ഗുണകരമാവുമോ,ഒരുപക്ഷെ പരസ്പര വിശ്വാസത്തോടെ രണ്ട് പേരും ഒത്ത് ചേര്‍ന്ന് ഒന്ന് മറ്റൊന്നിന്റെ പ്രാധാന്യം നമ്മെ ഓര്‍മ്മിപ്പിക്കുകയാവുമോ.എന്റെ മനസ്സും കണ്ണും ക്രമേണ ഇരുട്ടിലേക്ക് അല്പാല്പമായി അലിയാന്‍ തുടങ്ങി,ഒരു പൊട്ടുകണക്കെ ഉള്‍ക്കണ്ണില്‍ എവിടെയോ ഉള്ള അവസാന തുള്ളി പ്രകശവും നേര്‍ത്തില്ലാതെയായി,എന്റെ ശാസം മന്ദഗതിയിലായി,തലചുമലിലേക്ക് താങ്ങ് തേടി അതിനുമുന്‍പേ തന്നെ പോയിരുന്നു.....

മലമ്പാത കറുത്ത പാമ്പിനെ പോലെ ചുറ്റിവളഞ്ഞ് താഴേക്കിറങ്ങിക്കൊണ്ടിരിക്കുകയാണ്. മുന്നിലും പുറകിലും വാഹനങ്ങളുടെ ഹോണ്‍ വിളികള്‍,വളരെ മെല്ലെയാണ് ബസ്സ് നീങ്ങുന്നത്,കണ്ണെത്താദൂരത്തോളം വാഹനങ്ങള്‍ ആ പുലര്‍ചയിലും അരിച്ചരിച്ച് താഴെസമതലപ്രദേശം ലക്ഷ്യമാക്കി മാഹാനഗരത്തില്‍എ‍വിടെയെങ്കിലും നിര്‍വൃതി അണയാനുള്ള മോഹവുമായി നീങ്ങുന്നു, പൂനയാണ് പ്രദേശം ,അഗാധ ഗര്‍ത്തങ്ങള്‍ ഒരുഭാഗത്തും മറുഭാഗം ഉയര്‍ന്നു നില്‍ക്കുന്ന മലനിരകളും, സാധാരണ ഡ്രൈവര്‍ ‍മാര്‍ക്ക് അത്രസുഖകരമല്ലാത്ത വഴിയാണ് മുന്നില്‍, ഒരു മണിക്കൂറിലധികം സമയത്തെ ഓട്ടത്തിനു ശേഷം നിരപ്പായ പ്രദേശത്തുകൂടെ ഞങ്ങളുടെ ബസ്സ് പുതുജീവന്‍ വെച്ച് വീണ്ടും ഓടിക്കൊണ്ടിരുന്നു,സമയം പോവുന്നതറിയുന്നില്ല , നഗരത്തിന്റെ സൂചനകള്‍ വന്നുകൊണ്ടിരുന്നു, കൂറ്റന്‍ ബില്‍ഡിംഗ്കള്‍ റോഡിനിരുവശവും തലയുയര്‍ത്തി നില്‍ക്കുന്നു,കാഴ്ചകണ്ട് പുറത്തേക്കു നോക്കിയിരിക്കുന്ന ഞങ്ങള്‍ അവസാനം വാഷി എന്ന സ്ഥലം എത്തിക്കഴിഞ്ഞു,അതൊന്നും ഗൌനിക്കാതെ ബസ്സ് ചെമ്പൂര്‍ ലക്ഷ്യമാക്കി ഓടുകയാണ്.അതെ അവിടെയാണല്ലോ ഞങ്ങള്‍ക്കിറങ്ങേണ്ടത്, അല്പസമയം കൂടിമാത്രം ഞങ്ങള്‍ക്കിറങ്ങാന്‍...

തുടരും....

Wednesday, February 4, 2009

നിലാവിന്റെ കൂടെ !!

മുഹമ്മദും ഞാനും എഫ്എസിടി യിലെ കാര്യങ്ങള്‍ ഓരോന്നും ഇടയ്ക്ക് സംസാരിച്ച് ോണ്ടിരുന്നു,രണ്ട് പേരും അവിടെ ആയിരുന്നല്ലോ,എങനെയെങ്കിലും സമയം പോകണ്ടെ, ഇപ്പൊതന്നെ നേരം ഇരുട്ടി വരുന്നതെയുള്ളു, എനിയും കാതങ്ങള്‍ താണ്ടാന്‍ ഏറെയുണ്ട്,രാവിലെ ബോംബെയില്‍ എത്തും ബസ്സ് എന്നാ പറഞ്ഞത്, ഇതിപ്പോ കര്‍ണ്ണാടകയാണൊ, മഹാരാഷ്ട്രയാണോ എന്ന്നൊന്നും തീര്‍ച്ചയില്ല,അല്ലെങ്കില്‍ തന്നെ അറിയാത്തവര്‍ക്ക് എല്ലാം ഒരുപോലല്ലേ,ഇരുട്ടുന്നതനുസരിച്ച് ഞങ്ങളുടെ കൂടെ തന്നെ മരങ്ങള്‍ക്കിടയിലൂടെ യാത്ര തുടരുന്ന ചന്ദ്രനും നിറം കൂടിവരുന്നുണ്ട് ,അതും ബോംബെയിലേക്കാണോ,പിന്നെന്താണ് ചന്ദ്രന് മുഖം ദൂരം കുറയുന്നതിനനുസരിച്ച് ശോഭനമായിക്കൊണ്ടിരിക്കുന്നത്,ഇന്നേതാണ് തിഥി? കണ്ടിട്ട് ക്ഷയരോഗ വിമുക്തനായി പൂര്‍ണ്ണയൌവനം വീണ്ടെടുക്കാന്‍ അധികം ദിവസങ്ങള്‍ വേണ്ടെന്നു തോന്നുന്നു.ഈ ലോകത്തെ പന്ത്രണ്ട് ഫലകങ്ങളിലാക്കി ഇരുപത്തേഴ് നക്ഷത്രങ്ങളെ കൂട്ട് പിടിച് രാശിക്കൂറുണ്ടാക്കി അവന്‍ എന്റെ ഭാവി തീരുമാനിക്കുകയാണോ? ആര്‍ക്കറിയാം, പൂനിലാവ് പോലെചിരിക്കുന്ന മുഖവുമായി പുരുഷസാമീപ്യം കൊതിക്കുന്ന പെണ്ണിനെപോലെ രജസ്വലവിമുക്തയായി പൂര്‍ണ്ണാകാരം പൂണ്ട് സൂര്യന്റെ തേജസ്സ് തന്നിലേക്കാവഹിച്ച് വീണ്ടുമൊരു പൌര്‍ണ്ണമിയെ ജന്മമേകാനുള്ള നിയോഗത്തിലാണോ ചന്ദ്രപൂര്‍ണ്ണിമ?

നമുക്ക് അവിടെ കിട്ടിയാല്‍ തന്നെ വേറേം പല കുലുമാലുമില്ലേ? മുഹമ്മദിന്റെ ശബ്ദം എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി,അതെ ശരിയാ, കിട്ടിയാലും 20000 രൂപയുടെ ബോണ്ട് അവിടെ കൊടുക്കണം , അവിടെ അഞ്ച് വര്‍ഷം ജോലിചെയ്തോളാമെന്ന്,അതും കേന്ദ്ര ഗവര്‍മെണ്ടില്‍ ഗസറ്റഡായി ജോലിചെയ്യുന്ന ആള്‍തന്നെ ബോണ്ട് തരണം‍, നാട്ടില്‍ നിന്നും അതൊന്നും ആലോചിക്കാനുള്ള സമയം ഇല്ലായിരുന്നല്ലോ,ആദ്യമവിടെ പോവുക പിന്നെ സംസാരിച്ച് അവര്‍ സമ്മതിക്കുകയാണേല്‍ പിന്നെയും വന്ന് ഏതെങ്കിലും ആളെ പിറ്റിച്ച് നാട്ടില്‍ നിന്നു തന്നെ എല്ലാം ശരിയാക്കം,അല്ലാതെ അവിടെ എങനെ ഒപ്പിക്കാനാ ,എന്നെ വിറ്റാല്‍ പോലും ഇരുപതിനായിരം രൂപ അക്കാലത്ത് കിട്ടില്ല,ഇപ്പോളാണേല്‍ ഒരുപക്ഷെ അല്പം കൂടുതല്‍ കിട്ടാനും മതി.എല്ലാം പിന്നെ ആലോചിക്കാം ആദ്യം അവിടെ എത്തട്ടെ,കുതിച്ച് പായുന്ന ബസ്സിലും പകല്‍ ഒരിടത്ത് വെച്ച് വലിയ ഒരു നദിക്കരയില്‍ ബസ്സ് നിന്നതും എല്ലാവരെയും ഇറക്കി ബസ്സ് മാത്രംരണ്ട് തോണികള്‍ കൂട്ടികെട്ടി കുറുകെ പലകവിരിച്ച ചങ്ങാടത്തില്‍ അക്കരെ കടത്തിയതും, ആള്‍ക്കരെ വീണ്ടുമൊരു ചങ്ങാടത്തില്‍ അക്കരെയെത്തി്ച്ചതും, ഒര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നി......

തുടരും...

Monday, February 2, 2009

യാത്രാവിശേഷങ്ങള്‍ !!

ബസ്സില്‍ ഇരിക്കുമ്പോഴും എന്റെ മനസ്സ് ആഹോട്ടലില്‍ തന്നെയായിരുന്നു, പൂണൂല്‍ ധരിച്ച് അടുത്ത് വരുന്ന ഹോട്ടല്‍ ജീവനക്കരന്‍,നാട്ടില്‍ അമ്പലത്തിലല്ലാതെ മറ്റെവിടെയും ഞാന്‍ പൂണൂല്‍ ധരിച്ച് ആള്‍ക്കാര്‍ നിക്കുന്നത് കണ്ടിട്ടില്ലായിരുന്നു.ഹോട്ടല്‍ പണിചെയ്യുന്ന നമ്പൂര്യോ ,ഇതെന്തു പുതുമ,നാട്ടിലെ ഏക നമ്പൂതിരി ഇല്ലവും അവിടുത്തെ മാഷെയും എനിക്കറിയാം, ഞങ്ങളുടെ സ്കൂളില് മാഷായിരുന്നു.ഇല്ലം എന്നും ,നമ്പൂരി എന്നും ഒക്കെ പറയുമ്പോള്‍ സാധാരണ മലയാളിയുടെ മനസ്സില്‍ അക്കാലത്ത് വിരിയുന്ന ചിത്രത്തിനനുസരിച്ചുള്ള ജീവിതരീതികളുമായി കഴിയുന്ന സ്വാതികര്‍,വലിയ പുരോഗമനമൊന്നും സ്വയം അവകാശപ്പെടാതെ ജീവിക്കുന്ന ശുദ്ധാത്മാക്കള്‍, കാലം കുറെ കഴിഞ്ഞാണ് ഹോട്ടലില്‍ കണ്ടത് ഉഡുപ്പി ബ്രാഹ്മിന്‍സാണെന്നും അവരുടെ രീതികള്‍ നാട്ടിലുള്ളവരുമായി തൊഴിലിലും മറ്റുംവ്യത്യാസം ഉണ്ടെന്നും മനസ്സിലായത്.എന്റെ നടുവെല്ലാം വേദനിക്കാന്‍ തുടങ്ങി, എത്രനേരായി ഈ ഇരിപ്പ്,എല്ലാരും കര്‍ട്ട്ന്‍ മാറ്റിവെച്ച് പുറം കാഴ്ചകളും കണ്ടാണ് യാത്ര,വി ഡി ഒ കോച്ചില്‍ സിനിമ തകര്‍ത്ത് ആടുന്നുണ്ട്. ആരും ആസ്വദിക്കരുതെന്ന നിര്‍ബ്ബദ്ധമുള്ളതുകൊണ്ടാണൊ ഇവന്മാര്‍ കന്നട സിനിമ തന്നെ ഇട്ടത്,അതോ കര്‍ണ്ണാടകയല്ലെ എല്ലാരും കുറെ കന്നട കേട്ടോട്ടെ എന്നു ബസ്സിലെ കിളിയും,ഡ്രൈവറും മറ്റും കരുതിക്കാണുമോ,ഏതായാലും കന്നട പടം കണ്ടിട്ടില്ല എന്ന കുറവ് തീര്‍ന്നല്ലോ,ഭാഗ്യായി...


ഉച്ചയോടെ ബസ്സ് ഒരു ഹോട്ടലിനു മുന്നില്‍ നിര്‍ത്തി , മുന്‍പ് തന്നെ വേറെ ഹോട്ടലുകള്‍ വഴിയില്‍ കണ്ടപ്പോള്‍ എവിടേലും നിര്‍ത്തുമെന്ന് കരുതിയതാ.ഒരു പന്ന ഹോട്ടല്‍ ,അതിലും കൂടുതല്‍ നന്നാക്കി അതിനെ പറയാന്‍ പറ്റില്ല,ചോറിന്റെ മുന്‍ഗാമിയെന്ന് തോന്നുന്ന സാധനവും ചില ചോപ്പും , മഞ്ഞയും വെള്ളങ്ങളും കിട്ടി ,കറിയായിരിക്കും അതെന്ന് എനിക്കും മുഹമ്മദിനും നല്ല ബുദ്ധിആയതോണ്ട് പെട്ടന്ന് മനസ്സിലായി,ഞങ്ങള്‍ പരസ്പരം നോക്കി,ഇതങ്ങനെ വിട്ടാല്‍ പറ്റില്ലെന്നു തോന്നി,പിന്നെ ഒന്നും ആലോചിച്ചില്ല ഒറ്റത്തട്ട് അല്ലാണ്ടെത്ത് ചെയ്യാനാ , കിളിക്കും മറ്റും നമ്മുടെ ചിലവില്‍ ഫ്രീയാണു ശാപ്പാടെന്നും മനസ്സിലായി,അവര്‍ കാശുകൊടുത്തിട്ടും ഇല്ല,എല്ലാരെ സ്ഥിതിയും ഇതൊക്കെ തന്നെയെന്ന് മുഖം കണ്ടാലറിയാം,ബസ്സിലിപ്പോള്‍ എല്ലാരും മയക്കത്തിലാ,മുന്നിലുള്ള ദമ്പതിമാര്‍ മാത്രം യാത്ര ആസ്വദിക്കുന്നെന്നു തോന്നുന്നു.ഏതായാലും ഒന്നു ഞാ‍ന്‍ തീരുമാനിച്ചു,ഒരു ജോലികിട്ടീട്ട് വേണം അത്യാവശ്യായിട്ട് ഒരു കല്യാണം കഴിക്കാന്‍...

തുടരും....