Saturday, January 31, 2009

ഇരുട്ടിലൂടെ വെളിച്ചത്തിലേക്ക്


വീട്ടില്‍ നിന്നും വാഹനങ്ങള്‍ പോകുന്ന ടാറിട്ട നിരത്തിലെത്താന്‍ ഒരു കിലോമീറ്ററോളം നടക്കണം.ഇടവഴിയില്‍ നാട്ടുവെളിച്ചമല്ലാതെ മറ്റൊന്നും ഇല്ല.21 കൊല്ലം ശീലിച്ച വഴി ചതിക്കില്ലെന്ന ആത്മവിശ്വാസം മാത്രമാണു നടക്കാനുള്ള ഏക ധൈര്യം.രണ്ടു മൂന്നു വളവുകളുള്ള ഇടവഴിയും പിന്നെ കുത്തനെയുള്ള ഒരിറക്കവും കഴിഞാല്‍ കനാല്‍ റോഡില്‍ കയറാം. പിന്നെ അല്പം വെളിച്ചം ഉണ്ടാകും. പാറുവമ്മയുടെ വീടിന്റെ ഭാഗത്തെത്തിയപ്പോള്‍ കാല്‍ പെരുമാറ്റം ഉച്ചത്തിലാക്കി പാമ്പുള്ള വഴിയാണു, കൂമന്‍ കൊല്ലിയില്‍ നിന്നും താഴേക്കിറങ്ങിയ രവി മനസ്സിലുണ്ടായിരുന്നു. പിന്നെ നായകളുടെ ബഹളവും മറ്റും അതിജീവിച്ച് ഒരുവിധം കനാല്‍ റോഡില്‍ കയറി.എനി പേടിക്കാനില്ല.വലിഞു നടക്കാം.വീണ്ടും വീട്ടിലേക്ക് മനസ്സു പോവാന്‍ തുടങ്ങി,അമ്മ ഇപ്പോയും അവിടെ തന്നെ നില്‍ക്കുകയാവും പാവം.എനി ഒരാഴ്ച എങ്കിലും അമ്മ ആ വിഷമവുംകൊണ്ടിരിക്കും.പൊതുവെ അര്‍ദ്ധ പ്രാണയായിരുന്ന അമ്മ മക്കളുടെയും മറ്റും കര്യം ആവശ്യമില്ലാതെ ഓര്‍ത്ത് ബേജാറായാണു ഇങ്ങനെ ശൂഷ്ക്കിച്ചുപോയത്.

ചെറിയ നിലവുണ്ടായിരുന്നതിനാല്‍ നടക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. മരിക്കുന്നതിനു മുന്‍പ് കാണുന്ന സമയത്തൊക്കെ അമ്മാമ്മ ജോലിയുടെ കാര്യം തിരക്കുമായിരുന്നു.“നെന്റെ ആ ബോംബേന്നുള്ള വല്ല കടലാസും വന്നോ എന്ന്,“ പാവം ഒരു വെറ്റില പോലും ആവകയില്‍ വാങ്ങികൊടുക്കാന്‍ പറ്റിയില്ല, അല്ലെങ്കില്‍ തന്നെ വായില്‍ കാന്‍സര്‍ വന്നു കിടപ്പിലായിരുന്നു അവസാനദിവങ്ങളില്‍,പിന്നെന്ത് വെറ്റില, ഞാന്‍ പെട്ടന്നു യുക്തിവാദിയായി.വികാരത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആത്മീയതയും യുക്തിയും തരാതരം പോലെ ഉപയോഗിക്കുന്നതും ഒരു യുക്തി തന്നെയല്ലേ?ഇപ്പൊളും അക്കാര്യത്തില്‍ എനിക്കു വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നു തോന്നുന്നു.കനാല്‍ നീര്‍പ്പാലത്തിനോട് ചേരുന്ന വയല്‍ വക്കിലെത്തി ഞാന്‍ അപ്പോയേക്കും. അവിടേനിന്നും നോക്കിയാല്‍ അല്പം ദൂരെയാണെങ്കിലും മെയിന്‍ റോഡ് കാണാം.ചീവീടുകളുടെയും വാല്‍മക്രികളുടെയും ശബ്ദം എന്റെ നടത്തത്തിനു താളമേകി,നടന്നു വിയര്‍ത്ത എനിക്ക് ഇടയ്ക്കു വന്ന വയല്‍ കാറ്റ് അല്പം കുളിരേകി.ഞാന്‍ എതാണ്ട് റോഡിനടുത്തെത്തി എന്നു പറയാം,വാഹനങ്ങള്‍ അപ്പോയും നിരത്തില്‍ ഒന്നും രണ്ടുമൊക്കെ ഓടുന്നതു കാണാം. ഒരു ഓട്ടോ പിടിച്ചാല്‍ ടൌണില്‍ എത്താം.പെട്ടെന്നു ഒരു കാര്‍മേഘ പടലം നിലാവിനെ മൂടി,മുന്നോട്ടുള്ള വഴികള്‍ ഒന്നുംതന്നെ ദൃശ്യമാവുന്നില്ല, എന്റെ ഓര്‍മ്മകള്‍ പോലെതന്നെ...

തുടരും....

No comments: