Tuesday, February 24, 2009

വാഷി !!!


ഇന്റര്‍വ്യൂവിനു വന്നസമയത്ത് ചേട്ടനും ഞാനും അവിടെയാണ് താമസിച്ചത് ,വാഷിയില്‍.മാന്‍കുര്‍ദ് സ്റ്റേഷന്റെ അടുത്ത് റോഡില്‍ നിന്നാല്‍ ആഭാഗത്തേക്ക് ബസ്സ് കിട്ടും എന്നാണ് ഓര്‍മ്മ.ഓഫീസില്‍നിന്നും ഷട്ടില്‍ ബസ്സില്‍തന്നെ ഗേറ്റുവരെ വന്നു,അവിടുന്ന് ഓട്ടോപിടിച്ച് സ്റ്റേഷന്‍ പരിസരത്തെത്തി. സ്ഥലം കണ്ട് ഏതാണ്ട് ഓര്‍മ്മയുള്ളതുകൊണ്ട് ആശ്വാസമായി.വ യും ഷയും പണ്ട് ഹിന്ദി ക്ലാസ്സില്‍ പഠിച്ചിരുന്നതുകൊണ്ട് ബസ്സ് പിടിക്കാന്‍ വലിയ കുലുമാലുണ്ടായില്ല.രാഷ്ട്രഭാഷ പഠിക്കുന്നതിന്റെ കൊണം ഞാക്കും മനസ്സിലായി.ടിക്കറ്റ് എടുത്ത് സുഖമായി ഇരുന്നു സ്ഥലം എത്തിയാല്‍ എനിക്ക് അറിയാം. വാഷിയില്‍ ഒരു സ്റ്റുഡിയൊ നടത്തുകയാണ് അന്ന് അദ്ദേഹം, ഫോട്ടോഗ്രാഫിയില്‍ നിപുണനായ ആള്‍ ഇന്നതെയത്ര പ്രസിദ്ധനായിട്ടില്ല എന്നു തോന്നുന്നു. ഇന്നു സുരേഷ് നടരാജന്‍ എന്നു പറഞാല്‍ ആമേഘലയില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയാണല്ലൊ.നന്നായി ഹാസ്യം ആസ്വദിക്കും പുള്ളി,ചെറിയ തമാശകള്‍ കേട്ടാല്‍ പോലും പൊട്ടിചിരിക്കും,അതുകൊണ്ട് തന്നെ ആളുകേള്‍ക്കാന്‍ എന്തെങ്കിലും തമാശകള്‍ ഏഴുന്നള്ളിക്കുന്നത് എനിക്കും ഒരു പതിവായിരുന്നു.പൊതുവെ ഒതുങ്ങിയ പ്രകൃതമാണ് ,വലിയ ഒച്ചയും ബഹളവും ഒന്നും ഇല്ലാത്ത ജീവിതം, ചേച്ചി പരിമളയും അങ്ങിനെ തന്നെ, പേരുപോലെ തന്നെ സുന്ദരമായ വ്യക്തിത്വവും, സ്വഭാവവും. രൂപവും. തമിഴ് കലര്‍ന്ന മലയാളത്തിലുള്ള അവരുടെ സംസാരം
കേള്‍ക്കാന്‍ തന്നെ ഒരു രസം തോന്നാറുണ്ട്.

വലിയ നീളന്‍ പാലത്തിലൂടെ ബസ്സ് നീങ്ങുകയാണ് ,ബൊംബെയെ ന്യൂ ബോംബെ എന്ന പ്രദേശവുമായി ബന്ധിപ്പിക്കുന്നത് ഒരുപക്ഷെ ഈ പാലമായിരിക്കാം.ഇതു വന്ന ശേഷമായിരിക്കാം ന്യൂബോംബെ യാഥാര്‍ഥ്യമായത്.അവിറ്റെയാണ് വാഷിയും ,ബോംബെയുടെ ജീര്‍ണ്ണതകളുംതിരക്കും കുറവുള്ള പ്രദേശം.രൂപരേഖയോടെ തയ്യാറാക്കിയതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസ്സിലാവുന്ന നഗര ക്രമീകരണങ്ങളാണ് ന്യൂബോംബെയില്‍.പുതിയ റോഡുകളും ദിശാസൂചിനികളും,എല്ലാ സ്ഥലത്തും സെക്റ്റര്‍ തിരിച് ഫ്ലാറ്റ് നിര്‍മ്മിച്ചതും എല്ലാം വളരെ സൌകര്യപദമാണ്.വാഷി ബസ്സ് സ്റ്റാന്റില്‍ ഇറങ്ങി ഞങ്ങള്‍ ചേട്ടന്റെ വീട്ടിലേക്ക് നടന്നു.ഇരുട്ടായിക്കഴിഞ്ഞിരുന്നു.ഒന്നും വ്യക്തമല്ല,ഒരുവിധം ചുറ്റി വളഞ്ഞാണെങ്കിലും എത്തി, ബെല്ലടിച്ചു.വിചാരിച്ച പോലെ തന്നെ വാതിലിന്റെ ചങ്ങല ഊരാതെ ലോക്ക് മാത്രം തുറന്ന് ആ വിടവിലൂടെ ചേച്ചിയുടെ കിളിനാദം,“കോനേയ്“!! “ഇത് ഞമ്മളാ ഇങ്ങള് ബാതില് തോറക്ക്“ എന്ന് ഞാനും.

തുടരും...

No comments: